ഈ വെബ്സൈറ്റ് നിർമ്മാണത്തിലാണ്
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരള ചരിത്രത്തിലെ നിർണ്ണായക സ്ഥാനം അലങ്കരിക്കാൻ പോരുന്ന സംഭാവനകൾക്കും,സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ് ളാലം ബ്ലോക്ക്.ഗതകാല ചരിത്രഗതികൾക്ക് പുറംതിരിഞ്ഞ് നിൽക്കാതെ ഒപ്പം സഞ്ചരിച്ച് ഫ്യൂഡൽ ജന്മി – കുടിയാൻ ബന്ധങ്ങളുടെ ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന ഒരു സാധാരണ പ്രദേശമാണ് ളാലം.

പുരാതനമായ ഒരു വൈദിക സംസ്കാരം ഈ നാടിനുമുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് ക്ഷേത്രങ്ങളുടെ എണ്ണം.പല ക്ഷേത്രങ്ങൾക്കും ആയിരം വർഷങ്ങളുടെ പഴക്കം ഉണ്ട്.കടുത്ത ജാതി സമ്പ്രദായ വ്യവസ്ഥവളരെപണ്ടുമുതൽഉണ്ടായിരുന്നുഎന്നതിന്‍റെ തെളിവുകളാണ് ഈ ക്ഷേത്രങ്ങൾ.ളാലംബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പേരും പ്രശസ്തിയുമുള്ള ക്ഷേത്രങ്ങൾ ഉണ്ട്.ഇവിടെ ഒക്കെ പ്രാചീനമായ ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു.

ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട പള്ളികൾ ളാലം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്നു.ഭരണങ്ങാനം പള്ളി, കുടക്കച്ചിറ പള്ളി ,പൈക പള്ളി, തുടങ്ങിയ പള്ളികളിലെ തിരുനാൾ ഏറെ പേരുകേട്ടതും പ്രാദേശിക ഉല്‍സവങ്ങളായി ആഘോഷിക്കുന്നവയുമാണ്.ളാലം ബ്ലോക്കിൽ അധിവസിക്കുന്ന ജനങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണ്. ഇരുവിഭാഗങ്ങളിലെയും ആളുകൾ സാഹോദര്യവും മതമൈത്രിയും കാത്തുസൂക്ഷിക്കുന്നവരുമാണ്.

ദേശിയ പ്രസ്ഥാനം സജീവമായിരുന്ന നാളുകളിൽ സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച  നിരവധി ദേശസ്നേഹികൾ  ഇവിടെയുണ്ട്.നാടിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ ചെറുതെങ്കിലും മാതൃകപരമായ സംഭാവനകൾ നൽകിയവർ നിരവധിയാണ്.

ഫ്യൂഡൽ സമ്പ്രദായത്തിന്‍റെ അസ്ഥിവാരത്തെ ഉറപ്പിച്ച് നിർത്തിയ ഘടകമാണ് ജാതി വ്യവസ്ഥ. കടുത്ത ജാതി സമ്പ്രദായങ്ങൾക്കും ആചാരങ്ങൾക്കും വേദിയാണ് കേരളം,വഴി നടക്കാൻ,മാറു മറക്കാൻ വസ്ത്രം ധരിക്കാൻ,ആരാധന നടത്തുവാൻ,സർവോപരി മനുഷ്യരെ പോലെ ജീവിക്കുവാൻ എത്രയെത്ര സമരങ്ങൾ നയിച്ച നാടാണ് കേരളം.കേരള ചരിത്രത്തിലെ അവിസ്മരണീയമായ  സംഭവങ്ങൾക്ക് അവസരം ലഭിച്ച പഞ്ചായത്തുകൾ അടങ്ങിയതാണ് ളാലം ബ്ലോക്ക്.ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്രം ഹരിജനങ്ങൾക്ക് തുറന്നുകൊടുത്തുകൊണ്ട് മാതൃക കാട്ടി.മറ്റുപല ക്ഷേത്രങ്ങളും ഹരിജനങ്ങൾക്കായി തുറന്നുകൊടുക്കുവാൻ പ്രേരണ നൽകിയ സംഭവമാണ് ഇത്.

ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസം കുടിപളളിക്കുടങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.പ്രശസ്തമായ ആശാൻ കളരികളും ആശാൻമാരും ഉണ്ടായിരുന്നു.1910 ൽ കരൂർ പഞ്ചായത്തിലെ  അന്തീനാട്ടിൽ ആരംഭിച്ച പ്രാദേശിക ഭാഷ സ്കൂളായിരുന്നു ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്.

ഫ്യൂഡൽ വ്യവസ്ഥയിലധിഷ്ഠിതമായ ജന്മി കുടിയാൻ ബന്ധമായിരുന്നു കാർഷിക രംഗത്ത് ഉണ്ടായിരുന്നത്.കൃഷിക്കാർക്ക് സ്വന്തമായി ഭൂമി ഇല്ലായിരുന്നു.പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുക,ഉൽപാദനത്തിന്‍റെ വലിയപങ്ക് പാട്ടമായി നൽകുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. തെങ്ങ്,കുരുമുളക്,ഇഞ്ചി,മഞ്ഞൾ,കപ്പ,നെല്ല്, തുടങ്ങി എല്ലാത്തരം കൃഷികളും ചെയ്തിരുന്നു.

കലാരംഗത്തും തനതായ സംഭാവനകൾ നൽകിയിട്ടുണ്ട്.കഥകളി പ്രോത്സാഹിപ്പിക്കുകയും ഹൈന്ദവ തറവാടുകളിൽ അവ അരങ്ങേറുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു.പുറത്തുനിന്നും പേര് കേട്ട കഥകളിക്കാരെ വരുത്തി കഥകളി നടത്തിയിരുന്നു.ക്രിസ്ത്യാനികൾ അവരുടേതായി നടത്തിയിരുന്ന ചവിട്ടുനാടകങ്ങൾക്ക് നമ്മുടെ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.മതനിരപേക്ഷതയും സാഹോദര്യവും കാത്തു സൂക്ഷിച്ച നാടാണ്.